തിരുവനന്തപുരം : സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് നയം നിര്‍ദേശിച്ചു. ഒരുമിച്ചുള്ള ഭക്ഷണ വേളയില്‍ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണു സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എല്ലാ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ സംഘം (ഐസിടി) രൂപീകരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഐസിടി അംഗങ്ങള്‍ക്കു പരിശീലനം നല്‍കണം. ചെക് ലിസ്റ്റ് ഉപയോഗിച്ചു ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണു പ്രധാന ഉത്തരവാദിത്തം. പ്രശ്നമുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാം. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്നു പ്രവര്‍ത്തിക്കണം. അടച്ചുപൂട്ടല്‍ അവസാന വഴിയായി മാത്രമേ പരിഗണിക്കാവൂ.
5 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും എന്‍95 മാസ്‌ക്കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കോ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഇതിനകം 5 കോടിയിലധികം ഡോസ് വാക്‌സീന്‍ നല്‍കി. കുറെപ്പേര്‍ക്കു കോവിഡ് വന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഹൈബ്രിഡ് പ്രതിരോധശേഷി ലഭിച്ചു. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്നവര്‍ പൂര്‍ണമായി വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു. അതിനാല്‍ വൈറസ് ബാധ ഉണ്ടായാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം, ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കു കോവിഡ് ബാധിച്ചാല്‍ ഗുരുതരമാവും. ഇതു കണക്കിലെടുത്താണു ക്ലസ്റ്റര്‍ മാനേജ്‌മെന്റ് നയം നടപ്പാക്കുന്നത്.
ഒരേ ക്ലാസിലോ ഓഫിസ് മുറിയിലോ സ്ഥാപനത്തിലോ ഒരേ പ്രദേശത്തു പ്രവര്‍ത്തിക്കുന്നതോ ആയ 2 വ്യക്തികള്‍ക്ക് 7 ദിവസത്തിനകം കോവിഡ് വരുമ്പോഴാണ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത്. ഈ ക്ലസ്റ്ററുമായി സമ്പര്‍ക്കത്തിലുള്ളവരില്‍ രോഗസാധ്യതയുള്ളവരെ ഐസിടി കണ്ടെത്തി ക്വാറന്റീന്‍ ചെയ്യണം. പത്തിലധികം പേര്‍ക്കു കോവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററാകും. ഇത്തരം അഞ്ചിലേറെ ലാര്‍ജ് ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫിസ് 5 ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കാം.