തിരുവനന്തപുരം : ഇൻസുലിൻ തനിയെ ഉള്ളിലേക്കു കടത്തിവിടുന്ന 780ജി എന്ന കൃത്രിമ പാൻക്രിയാസ് ഇവിടെയുമെത്തി. ടൈപ്പ് 1 രോഗികളിലും അനിയന്ത്രിതമായ പ്രമേഹമുള്ള ടൈപ്പ് 2 പ്രമേഹരോഗികൾ, ഗർഭിണികൾ എന്നിവർക്ക് വേണ്ടിയാണ് ഈ പുത്തൻ ഉപകരണം. ഇൻസുലിൻ പമ്പുകളുടെ കുടുംബത്തിൽപ്പെടുത്തുന്നതാണെങ്കിലും ഏറെ വ്യത്യസ്തതകൾ ഉള്ളതാണ് 780ജി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന വേളയിൽ(ലോ ഷുഗർ) ഇൻസുലിന്റെ അളവ് കുറച്ചുകൊടുത്ത് കൂടുതൽ താഴേക്കുപോകാതെ നോക്കാൻ ഉപകരണത്തിനാവും. അതേപോലെ പഞ്ചസാരകൂടി നിൽക്കുമ്പോൾ കൂടുതൽ ഇൻസുലിൻ കൊടുത്ത് സാധാരണനിലയിലാക്കാനും ഉപകരണത്തിനാകും.
ഭക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ പോരാ എന്ന് ഉപകരണത്തിനു അറിയാനായാൽ തനിയെതന്നെ ഇൻസുലിൻ ഉള്ളിലേക്കു കടത്തിവിടുകയും ചെയ്യുന്നു. മൊബൈൽഫോണിന്റെ വലുപ്പമുള്ള ഉപകരണം വയറിലാണ് ഘടിപ്പിക്കുന്നത്. ഉപകരണത്തിൽ ഒരു ട്യൂബും സൂചിയുമുണ്ട്. സൂചി വഴിയാണ് ഇൻസുലിൻ ശരീരത്തിനുള്ളിലേക്കു കടക്കുക. ജനുവരി 18 മുതലാണ് ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതെന്ന് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.