മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര പാർക്കിൽ ക്ലീൻ കേരള കമ്പനിയും ജില്ല പഞ്ചായത്തും റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം പ്രവർത്തന സജ്ജമാക്കൽ ടെക്നിക്കൽ ടീം സന്ദർശനം നടത്തി. ഫാക്ടറി കെട്ടിടം, ഗോഡൗൺ, സ്വീവേജ് ടീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ടാങ്ക് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു. പ്ലംബിങ് ജോലി രണ്ടാഴ്ചക്കുള്ളിലും ഇലക്ട്രിക്കൽ ജോലി മൂന്നാഴ്ച കൊണ്ടും പൂർത്തീകരിക്കാനാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേരള ഇലക്ട്രിക്കൽ ലിമിറ്റഡിന് നൽകിയിരിക്കുന്ന സമയപരിധി.അഗ്നിശമന – സുരക്ഷ സംവിധാന ജോലി ആരംഭിച്ചു. കൺവേയർ ബെൽറ്റ്, എക്സ്ട്രൂഡർ, ഷ്രെഡിങ്, ബെയിലിങ്, ഡസ്റ്റ് റിമൂവർ, വാഷിങ് മുതലായ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലി അന്തിമമാക്കുന്നതിനാണ് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കിൻഫ്ര പാർക്ക് സന്ദർശിച്ചത്.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതി റീജനൽ ഫെസിലിറ്റി മേധാവി ജയകുമാർ, പ്രവീൺ ജിത്ത്, രാജേഷ്, വി.എൻ. സന്തോഷ് കുമാർ, എം.പി. ബിനോയ്, മഹേഷ്, ബേസിൽ, എം.ബി. ദിലീപ് കുമാർ, ആർ.എസ്. ആനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരുദിവസം അഞ്ച് ടൺ പ്ലാസ്റ്റിക് സംസ്കരിക്കാനുള്ള സംവിധാനമാണ് ഇവിടെ സജ്ജമാക്കുന്നത്. വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്ന പ്ലാസ്റ്റിക് തരികളാക്കുന്നതടക്കമുള്ള ആധുനിക യന്ത്രങ്ങളുമാണ് ഇവിടെ സ്ഥാപിക്കുന്നത്. നവംബറിൽ ഫാക്ടറി പ്രവർത്തന സജ്ജമാക്കാനാണ്ലക്ഷ്യമിട്ടിരിക്കുന്നത്.