ന്യൂഡൽഹി: കാഡ്ബറി ജംസിന്‍റെ വ്യാപാരമുദ്ര മോഷ്ടിച്ചതിന് ഇന്ത്യൻ കമ്പനി 16 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈക്കോടതി. നീരജ് ഫുഡ്പ്രൊഡക്ടസും ബ്രിട്ടീഷ് കമ്പനിയായ കാഡ്ബറി ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും (മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) തമ്മിൽ 2005 മുതൽ നടക്കുന്ന നിയമയുദ്ധത്തിനാണ് ഇതോടെ വിരാമമായത്. ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമം ലംഘിച്ചതായി തെളിഞ്ഞതിനെതുടർന്നാണ് കോടതി കാഡ്ബറിക്കനുകൂലമായ വിധി പ്രസ്താവിച്ചത്.
നീരജ് ഫുഡ്പ്രൊഡക്ടസ് എന്ന കമ്പനി ‘ജെയിംസ് ബോണ്ട്’ എന്നപേരിൽ പുതിയ ചോക്ലേറ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ ജയിംസ് ബോണ്ടിന്‍റെ കളറും രൂപവുമെല്ലാം കാഡ്ബറി ജംസിന്‍റെ രൂപവുമായി സാമ്യമുള്ളതാണെന്ന് കാണിച്ച് കാഡ്ബറി ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ രണ്ട് ഉത്പന്നങ്ങളുടെ പാക്കിങും ഒരേ പോലയായിരുന്നതിനാൽ കാഡ്ബറിയുടെ ഇന്ത്യയിലെ വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു.
മിക്കവാറും എല്ലാവരുടെയും കുട്ടിക്കാലം കാഡ്ബറി ജെംസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ ബ്രാൻഡ് ചെറുപ്പക്കാർക്കും മുതിർന്നവർക്കും അറിയാമെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം. സിങ് അഭിപ്രായപ്പെട്ടു. കഡ്ബറി ജംസിന്‍റെ പാക്കിങ് വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നീരജ് ഫുഡ്പ്രൊഡക്ടസ് എന്ന കമ്പനി കാഡ്ബറിയുടെ അവകാശങ്ങൾ ലംഘിച്ചുവെന്നതിൽ സംശയമില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമപ്രകാരം നിരവധികേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ബംഗളൂർ ആസ്ഥാനമായ ഒരു കേക്ക് കമ്പനിയെ ഫേസ്ബേക്ക് എന്ന പേര് ഉപയോഗിച്ചതിൽ നിന്ന് കോടതി വിലക്കിയിരുന്നു.