മലപ്പുറം: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിൽ. സംഘത്തലവൻ കോഴിക്കോട് കൊടുവള്ളി കോടൂർ വീട്ടിൽ മുഹമ്മദ് റിജാസ് എന്ന കല്ലു റിജാസ് (25) കൂട്ടാളി കൊടുവള്ളി പാലക്കുറ്റി അമിയംപൊയിൽ മുഹമ്മദ് മുസമ്മിൽ (24 ) എന്നിവരാണ് പിടിയിലായത്. അഞ്ചു മാസം മുൻപ് 80 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്നുമായി ലഹരിക്കടത്തു സംഘത്തെ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
പൊലീസ് അന്വേഷിച്ചു വന്ന ഇവർ കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി പോലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാാണ് ഇവർ പിടിയിലായത്. ഇതിനിടെ പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തി രക്ഷപ്പെടാനും ശ്രമമുണ്ടായി. നാല് വർഷത്തോളമായി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് നൈജീരിയൻ സ്വദേശിയിൽ നിന്നും നേരിട്ട് ലഹരി മരുന്ന് വാങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇയാളുടെ കീഴിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്.
നേരത്തേ ഈ കേസിൽ ഉൾപ്പെട്ട അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസിലെ ഡ്രൈവർ അടക്കം ഒമ്പത് പേർ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മഞ്ചേരിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലും ഇവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
ലഹരി കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകയിലുമായി അഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് , എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.