കൊച്ചി : ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ. ഫിലിം ചേംമ്പറിന്‍റെ അദ്ധ്യക്ഷതയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘അമ്മ’, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും വനിതാ കമ്മിഷൻ പ്രതിനിധിയും യോഗത്തിനെത്തും.
ഡബ്ല്യുസിസി നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി വിധി വന്നത്. ഇതേ തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ സെൽ രൂപീകരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനു പിന്നാലെ ‘അമ്മ’ സംഘടനയും അവരുടെ പരാതി പരിഹാര സെൽ പിരിച്ച് വിട്ടിരുന്നു. ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം അനുസരിച്ചാകും സെൽ രൂപീകരിക്കാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കുക.