കൊച്ചി : സിനിമാ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് ആഭ്യന്തര പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ലിയു.സി.സി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി വേണമെന്നും അവരുടെ പരാതികൾ പരിഹരിക്കാൻ സമിതി അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ലാണ് ഈ ആവശ്യവുമായി ഡബ്ലിയു.സി.സി ഹൈക്കോടതിയെ സമീപിക്കുന്നത്. ഡബ്ലിയു.സി.സിയുടേത് ന്യായമായ ആവശ്യമാണെന്ന് വനിതാ കമ്മിഷൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
സിനിമാ ലൊക്കേഷനുകളിൽ കൃത്യമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന കാര്യം ഡബ്ലിയു.സി.സി ഉൾപ്പടെയുള്ളവർ പല ഘട്ടങ്ങളിലായി ഉന്നയിക്കുകയും മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവർ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായത്. തുടർന്ന് വനിതാ കമ്മിഷനെ കോടതി നേരിട്ട് കക്ഷി ചേർക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. ഇനി മുതൽ സിനിമാമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും അത് പരിഹരിക്കുന്നതിനുമായി ഒരു സമിതി ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കേണ്ടി വരും. സമിതിയുടെ രൂപഘടന സംബന്ധിച്ചുള്ള വിവരങ്ങൾ ഉത്തരവിന്റെ പകർപ്പ് കൈവന്നാൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
വനിതാ കമ്മിഷൻ, ഡബ്ലിയു.സി.സി, ഇതുമായി ബന്ധപ്പെട്ട മറ്റ് സംഘടനകൾ എന്നിവരുടെ അഭിപ്രായങ്ങൾ കേട്ട് വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. മലയാള സിനിമാരംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിയമനിർമ്മാണവുമായി സർക്കാരിന് മുന്നോട്ട് പോവേണ്ടിവരും.