ന്യൂഡൽഹി: അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഇൻറർ നാഷണൽ കോൺഫറൻസ് സമാപന സമ്മേളനം സച്ചാർ കമ്മീഷൻ സെക്രട്ടറിയും സകാത്ത് ഫൗണ്ടേഷൻ സ്ഥാപകനുമായ സയ്യിദ് സഫർ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. മതേതരത്വവും സഹിഷ്ണുതയും സഹവർത്തിത്വവുമാണ് നമ്മുടെ പാരമ്പര്യമെന്നും അത് മുറുകെ പിടിച്ചു രാജ്യത്തിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും പുതിയ തലമുറ അത്തരം ദൗത്യങ്ങൾക്ക് നേതൃത്വം നൽകി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ തുടങ്ങിയ കോൺഫറൻസിൽ വിവിധ സെഷനുകളിലായി 35-ാളം അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ ജുഡീഷ്യറിയുടെ സമകാലിക സമീപനങ്ങളെ കുറിച്ചുള്ള പാനൽ ഡിസ്കഷനിൽ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. സബീഹ് അഹ്മദ് എന്നിവർ സംസാരിച്ചു. “ടുവാർഡ്സ് അൻ ഇന്ക്ലൂസിവ് ഇന്ത്യ” എന്ന തലക്കെട്ടിൽ നടന്ന സിമ്പോസിയത്തിൽ അക്കാദമിക് രംഗത്തെ പ്രമുഖരായ പ്രൊഫ. ശശികുമാർ, പ്രൊഫ. അർഷി ഖാൻ, പ്രൊഫ. മുഹിബ്ബുൽ ഹഖ്, ഡോ: ഹാഫീസ് റഹ്മാൻ, ഡോ മുനീർ ആറാം കുഴിയൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അലീഗഢ് കോർട്ട് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. അബ്ദുറഹീമിനെ ആദരിച്ചു.
കോൺഫറൻസിന്റെ മുന്നോടിയായി അലിഗഡ് യൂണിവേഴ്സിറ്റിയിലെ വിവിധ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച്“റൂഷ്ദേ മില്ലത്ത് ” സ്റ്റുഡന്റസ് ലീഡേഴ്‌സ് മീറ്റും നടത്തി. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു മുഖ്യ പ്രഭാഷണം നടത്തി. എം.പി ജോസഫ് ഐ.എ.എസ്, എം.എസ്.എഫ് ദേശീയ ട്രഷർ അതീബ് ഖാൻ, സെക്രട്ടറി ദാഹറുദ്ധീൻഖാൻ, ഉത്തർ പ്രദേശ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സാദ് ഖാൻ, അഡ്വ മർസൂഖ് ബാഫഖി, ഡോ അബ്ദുൽ അസീസ് എൻ.പി, ശിബ്ഹത്തുള്ള , ആഷിഖ് മാടാക്കര എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സിനാൻ സ്വാഗതവും അനീസ് പൂവാട്ടിൽ നന്ദിയും പറഞ്ഞു.












