ദില്ലി : അന്താരാഷ്ട്രതലത്തിലെ പ്രമുഖ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) കമ്പനികള്‍ എല്ലാം ഇന്ത്യ വിടുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധനകള്‍ കര്‍ശ്ശനമാക്കിയതോടെയാണ് ഇന്ത്യയില്‍ നിന്നും ഈ കന്പനികള്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായ എക്‌സ്പ്രസ് വിപിഎന്‍ കമ്പനിക്കു പിന്നാലെ, സര്‍ഫ്ഷാര്‍ക് വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തനം നിർത്തി എന്നാണ് റിപ്പോര്‍ട്ട്.
വെര്‍ച്വല്‍ പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്ക് (VPN) ഉപയോഗിക്കുന്നവര്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാക്കുന്നു. ഇത് ഉപയോഗിക്കുന്നതോടെ ഏതെങ്കിലും നെറ്റ്വര്‍ക്കില്‍ കയറുമ്പോള്‍ അവിടെ വിന്യസിച്ച ട്രാക്കറുകള്‍ക്ക് ഉപയോക്താവിന്‍റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധ്യമാകില്ല. എവിടെ നിന്നാണ് ഇയാള്‍ ബ്രൗസ് ചെയ്യുന്നത്, ഐപി തുടങ്ങിയ വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പല വെബ്‌സൈറ്റുകള്‍ക്കും സാധ്യമാകില്ല. പല വലിയ കമ്പനികളും ജോലിക്കാര്‍ വീട്ടിലിരുന്നു ജോലി ചെയ്തിരുന്നപ്പോള്‍ വിപിഎന്‍ നല്‍കിയിരുന്നു. സൈബര്‍ ആക്രമണം തടയാനും, നെറ്റ്വര്‍ക്കിന്‍റെ സുരക്ഷയ്ക്കും വിപിഎന്‍ പ്രയോജനപ്പെടുത്തിയത്. വിപിഎന്‍ പക്ഷെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടാകാം എന്ന് സര്‍ക്കാര്‍ പറയുന്നു.
ഇതിനാലാണ് പുതിയ നിയമപ്രകാരം രാജ്യത്തെ വിപിഎന്‍മാര്‍ ഉപഭോക്തൃ പേരുകള്‍, ഫിസിക്കല്‍, ഐപി വിലാസങ്ങള്‍, ഉപയോഗ പാറ്റേണുകള്‍, വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന മറ്റ് വിവരങ്ങള്‍ എന്നിവ അഞ്ചുവര്‍ഷം വരെ കമ്പനികള്‍ സൂക്ഷിക്കണമെന്നും അക്കാര്യം സര്‍ക്കാരിന് കൈമാറണമെന്നും രാജ്യത്തെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പുതിയ നിര്‍ദ്ദേശത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഭരണനിയമപ്രകാരം ഇത് പാലിക്കാത്തവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് അനുഭവിക്കാവുന്നതാണ് എന്നാണ് പറഞ്ഞത്.