ദില്ലി: ലിവിങ് ടുഗെദർ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ദില്ലിയിലാണ് 11 കാരനായ ദിവ്യാൻഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 24കാരിയായ പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യാൻഷിന്റെ പിതാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൂജ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പൂജാ കുമാരിക്ക് കുട്ടിയുടെ പിതാവ് ജിതേന്ദ്രയുമായി ബന്ധമുണ്ടായിരുന്നു. ഇരുവരും 2019മുതൽ ലിവിങ് റിലേഷനും ആരംഭിച്ചു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ജിതേന്ദ്ര വിട്ടുപോയത് പൂജയിൽ പ്രതികാരമുണ്ടാക്കുകയും മകനാണ് ജിതേന്ദ്ര തന്നെ ഉപേക്ഷിക്കാനുള്ള കാരണമെന്ന് കരുതുകയും ചെയ്തു. ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ ഇന്ദർപുരിയിലെ വീടിന്റെ വിലാസം കണ്ടുപിടിച്ച് പൂജ അവിടെയെത്തി. വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുന്നതും കുട്ടി കട്ടിലിൽ ഉറങ്ങുന്നതും കണ്ടു.
വീട്ടിൽ ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല. ഉറങ്ങുന്ന കുട്ടിയെ പൂജ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ബോക്സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വെസ്റ്റ് ദില്ലി പൊലീസിന് യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. എന്നാൽ വീടുമായി ബന്ധമില്ലാത്തതിനാൽ യുവതിയെ ഉടൻ പിടികൂടാനായില്ല.
തുടർന്ന്, നജഫ്ഗഡ്-നംഗ്ലോയ് റോഡിലെ രൺഹോല, നിഹാൽ വിഹാർ, റിഷാൽ ഗാർഡൻ തുടങ്ങി ഇന്ദർപുരിയിലെയും സമീപ പ്രദേശങ്ങളിലെയും 300-ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. യുവതി ഒളിത്താവളം ഇടക്കിടെ മാറ്റുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഒടുവിൽ തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ പൊലീസ് വലയിലാക്കി.