മലപ്പുറം: വടക്കന്‍ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഓണ ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരനാണ് മോഷ്ടാവ്. കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷണം പോയിരുന്നു. സിസിടിവിയില്‍ നിന്ന് ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് പൊലീസ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചേര്‍ന്നത്. ഷൊര്‍ണൂരില്‍ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ ചങ്ങരംകുളം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. 10 ദിവസം മുമ്പ് ഒറ്റപ്പാലം ജയിലില്‍ നിന്ന് ഇറങ്ങിയാണ് ഇയാൾ ഇവിടങ്ങളിൽ മോഷണം നടത്തിയത്. ഇയാള്‍ക്കെതിരെ മുമ്പ് പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി ഒറ്റപ്പാലം, ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്, നല്ലളം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കളവ് കേസുകളുണ്ടായിരുന്നു.