തിരുവനന്തപുരം : കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും.102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക.വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.
ഓണത്തിന് മുമ്പ് ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കും എന്നായിരുന്നു ചർച്ചയിലെ തീരുമാനം. എന്നാൽ നിസ്സാര ധനസഹായം നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീൻ അതിരൂപതയുടെ വാദം. ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.