തിരുവനന്തപുരം> സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ ഈ ചികിത്സയിലൂടെ സാധിക്കും. ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഒന്ന് വീതവും അസി പ്രൊഫസർമാരുടെ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.
തല മുതൽ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങൾക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. മാത്രമല്ല 90 ശതമാനം ചികിത്സകൾക്കും രോഗിയെ പൂർണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഈ ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതൽ മെഡിക്കൽ കോളേജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മിക്കവാറും എല്ലാ അവയവ സംവിധാനങ്ങളെയും വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റർവെൻഷണൽ റേഡിയോളജി. റേഡിയോ ഡയഗ്നോസിസ് വിഭാഗം രോഗനിർണയത്തിനുള്ള പരിശോധനയ്ക്കാണെങ്കിൽ ഇന്റർവെൻഷണൽ റേഡിയോളജിയിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ശസ്ത്രക്രിയയ്ക്ക് നല്ലൊരു ബദൽ കൂടിയാണ് ഈ ചികിത്സാ രീതി. വലിയ മുറിവുകളുണ്ടാക്കാതെ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ എക്‌സ്‌റേ കിരണങ്ങൾ കടത്തിവിട്ട് രക്ത ഒഴുക്കിന്റെ തടസം കണ്ടെത്താനും ചികിത്സിക്കാനുമാകും. ഇത് വേഗം ഭേദമാകാനും ആശുപത്രി വാസം കുറയ്ക്കാനും സഹായിക്കും.
നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സ ലഭ്യമാക്കി വരുന്നു. ഇതിന്റെ ചികിത്സയ്ക്കാവശ്യമായ ഡി.എസ്.എ. മെഷീൻ ഈ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡി.എസ്.എ. മെഷീൻ ഉടൻ പ്രവർത്തനസജ്ജമാകുന്നതാണ്. ഈ മെഷീനിലൂടെ ആൻജിയോഗ്രാം നടത്തി രക്തത്തിലെ ബ്ലോക്ക് കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും. ഇതുകൂടാതെ ക്രമാതീതമായി രക്തയോട്ടമുള്ള തലച്ചോറിലെ മുഴകളും ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ട്യൂമറുകളും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന എംബൊളൈസേഷനിലൂടെ ശസ്ത്രക്രിയാ സമയത്തുള്ള അമിത രക്തസ്രാവം ഒഴിവാക്കാനും അതിനാൽ തന്നെ നൽകേണ്ടി വരുന്ന രക്തത്തിന്റെ അളവ് കുറയ്ക്കാനും സാധിക്കും. വൈകല്യങ്ങളോ മരണമോ തന്നെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.
കരൾ, പിത്തനാളം, രക്തക്കുഴലുകൾ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറിന്റെ ചികിത്സയ്ക്കായി കീമോ തെറാപ്പി ഉൾപ്പെടെ ചെയ്യാൻ ഇതിലൂടെ സാധിക്കും. അപകടങ്ങളാലുള്ള രക്തസ്രാവം, മലത്തിലെ രക്തം എന്നിവയ്ക്കുള്ള എംബോളൈസേഷൻ പ്രൊസീജിയറുകളും നടത്താനാകും. ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള ഫിസ്റ്റുലയിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴും ഈ ചികിത്സയിലൂടെ തടസം നീക്കാൻ സാധിക്കുന്നു. കരൾ, വൃക്ക തുടങ്ങിയ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ചികിത്സിക്കാൻ സാധിക്കുന്നു. സ്വതന്ത്രമായ ഡിപ്പാർട്ട്‌മെന്റ് ആകുന്നതോടെ രോഗികളെ നേരിട്ട് പ്രവേശിപ്പിക്കാനും ചികിത്സ ഏകോപിപ്പിക്കാനും സാധിക്കുന്നു. ഇതുകൂടാതെ ന്യൂറോളജി വിഭാഗത്തിന് കീഴിൽ രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്.