തിരുവനന്തപുരം: മദ്യലഹരിയിലും മറ്റ് ലഹരി ഉപയോഗത്തിനും കസ്റ്റഡിയിലെടുക്കുന്നവരെ ഇനി നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിന് പകരം മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ.
കസ്റ്റഡിയിലെടുത്ത വ്യക്തിയെ എസ്.എച്ച്.ഒ ഉടൻതന്നെ മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കുകയും ആരോഗ്യനില വിലയിരുത്തുകയും വേണം. ഡോക്ടർമാർ പ്രത്യേക നിർദേശം നൽകുന്ന സാഹചര്യങ്ങളിലൊഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥന് മുന്നിൽ സ്വതന്ത്രമായി പെരുമാറാന്‍ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡീഷ്യൽ ഓഫിസറിൽനിന്ന് പ്രത്യേക നിർദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വെക്കരുത്.പൊലീസ് നടപടി വിഡിയോയിൽ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. കൈവിലങ്ങുകൾ, ഹെൽമറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാധ്യത എന്നിവ ഉൾപ്പെടെ എസ്.എച്ച്.ഒ, ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിലുണ്ട്.