തിരുവനന്തപുരം : ഐഎൻടിയുസി വിവാദം തീർക്കാൻ കെപിസിസി പ്രസിഡന്‍റ് മുൻകയ്യെടുത്തുള്ള സമവായനീക്കത്തിനിടെയും വി ഡി സതീശന്‍റെ നിലപാട് തള്ളി ആർ ചന്ദ്രശേഖര. സുധാകരൻ വിളിച്ച ചർച്ചയിൽ സതീശനെതിരെ എതിർപ്പ് അറിയിച്ച ചന്ദ്രശേഖരൻ ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണെന്ന് വിശദീകരിച്ചു. ഐഎൻടിയുസി – സതീശൻ പോര് തെരുവിലേക്ക് നീങ്ങി വലിയ വിവാദമായതോടെയാണ് കെ സുധാകരൻ ഒത്ത് തീർപ്പിനിറങ്ങിയത്. രാവിലെ ആർ ചന്ദ്രശേഖരനെ വീട്ടിലേക്ക് വിളിച്ച് കെപിസിസി അധ്യക്ഷൻ ചർച്ച നടത്തി.
എന്നാൽ ചർച്ചയിൽ സതീശനെതിരായ സംഘടനയുടെ എതിർപ്പും വിമർശനവും ചന്ദ്രശേഖരൻ അറിയിച്ചു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും തിരുത്തൽ വേണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും സതീശനെതിരെ നടന്ന പ്രകടനങ്ങളെ സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് ചന്ദ്രശേഖരൻ ന്യായീകരിച്ചു. എന്നാൽ പ്രതിഷേധങ്ങൾ നിർത്തണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. പക്ഷെ മുൻകൂട്ടി നിശ്ചയിച്ച വാർത്താസമ്മേളനം പിൻവലിക്കാതെ സതീശനെതിരായ എതിർപ്പ് ചന്ദ്രശേഖരന്‍ ആവർത്തിച്ചു.
വൈകീട്ട് സുധാകരനും സതീശനുമായി ചർച്ച നടത്തും. ചന്ദ്രശേഖരനെയും ചർച്ചയിലേക്ക് വിളിക്കും. വിവാദം തീർക്കുന്നതിന്‍റെ ഭാഗമായി സുധാകരനും സതീശനും വാർത്താസമ്മേളനം വിളിക്കും. കെപിസിസി ഇടപെടലിനിടെയും സതീശൻ അനുകൂലികൾക്ക് അമർഷം ബാക്കിയാണ്. പ്രതിപക്ഷനേതാവിനെതിരെ രണ്ടിടത്ത് പ്രകടനം നടത്തിയിട്ടും ഐഎൻടിയുസി പ്രതിഷേധക്കാർക്കെതിരെ ഒരു നടപടിയും എടുക്കാത്തതിലാണ് പ്രതിഷേധം. ഒപ്പം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടാല്‍ പോലും അച്ചടക്ക നടപടി സ്വീകരിക്കുന്ന കെപിസിസി നേതൃത്വം സതീശനെതിരായ തെരുവിലെ പ്രതിഷേധത്തിൽ സെമി കേഡർ വിട്ട് മൃദുസമീപനത്തിലേക്ക് മാറിയെന്നും വിമർശനം ഉണ്ട്. കെപിസിസി അധ്യക്ഷനുമായുള്ള ചർച്ചയിൽ സതീശൻ ഐഎൻടിയുസി നീക്കങ്ങളിൽ എതിർപ്പ് ഉന്നയിക്കും.