കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ ചോർന്നതു തങ്ങളുടെ പക്കൽ നിന്നല്ലെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എഡിജിപി 18നു തന്നെ നൽകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി 18നാണ് പരിഗണിക്കുക. അന്നു തന്നെ പ്രതിഭാഗത്തോട് എതിർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചിട്ടുണ്ട്. കേസിൽ കോടതി വിശദമായ വാദം കേൾക്കും.
ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. 2017ൽ ഹൈക്കോടതി ദിലീപിനു ജാമ്യം അനുവദിക്കുമ്പോൾ മുന്നോട്ടു വച്ച ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചു എന്നാണ് ആരോപണം. കേസ് അട്ടിമറിക്കുന്നതിനു പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നും അന്വേഷണ സംഘം ആരോപിക്കുന്നു. അഭിഭാഷകരുടെ നിർദേശത്തിൽ ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.അതേ സമയം തെളിവു നശിപ്പിക്കൽ പരാതിയിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നു ദിലീപിന്റെ അഭിഭാഷകർ പറയുന്നു. ബാര്‍കൗണ്‍സില്‍ നോട്ടീസ് ലഭിച്ചതായും സമയം അനുവദിച്ചു നൽകിയിട്ടുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കുമെന്നും വ്യക്തമാക്കി. അതിജീവിതയുടെ പരാതിയിലാണ് അഭിഭാഷകര്‍ക്ക് ബാര്‍കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുള്ളത്.