മുംബൈ: അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയോ എന്നതിലാണ് അന്വേഷണമെന്ന് അന്തര്‍ദേശീയ ബിസിനസ് മാധ്യമമായ ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടിക്കള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയോ എന്നതിലാണ് പരിശോധനയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റും യുഎസ് അറ്റോര്‍ണി ഓഫീസും അന്വേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ കമ്പനിക്കും ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്.
അദാനി ഗ്രൂപ്പിന് കീഴിലെ ഏതെങ്കിലും കമ്പനിയോ ഗൗതം അദാനി നേരിട്ടോ, ഇവരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ പണം നൽകിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് വിവരം നൽകിയ അന്വേഷണ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താതെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അദാനിക്കും കമ്പനിക്കും പുറമെ അസുര്‍ പവര്‍ ഗ്ലോബൽ ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ടിലെ യുഎസ് അറ്റോര്‍ണി ഓഫീസും വാഷിങ്ടണിലെ തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റുമാണ് പരിശോധന നടത്തുന്നത്.