കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നടി കേസിലെ തെളിവ് നശിപ്പിച്ചതിലാണ് അന്വേഷണം തുടരുന്നത്. ദൃശ്യങ്ങൾ ചോർന്നതിലും അന്വേഷണം തുടരുന്നതായി കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. നടി കേസിൽ 102 സാക്ഷികളെയും 1 പ്രതിയെയും ഉൾപ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തിലുള്ളത്. ദൃശ്യം ഒളിപ്പിക്കാൻ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി.
കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയില്ല. പക്ഷേ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങൾക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി അനുബന്ധ കുറ്റപത്രം നൽകുന്നത്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് തുടരന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ വന്ന ഏക പ്രതി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നു എന്നതാണ് ശരത്തിനെതിരായ കുറ്റം. കേസിൽ ദിലീപിനെതിരെ ബലാത്സംഗത്തിന് പുറമെ തെളിവ് നശിപ്പിച്ചെന്ന കുറ്റം കൂടി ഉൾപ്പെടുത്തിയാണ് അനുബന്ധ കുറ്റപത്രം.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് കുറ്റപത്രം പറയുന്നു. എന്നാൽ ഇത് പോലീസിന് കണ്ടെടുക്കാൻ കഴിയാത്തവിധം ഒളിപ്പിച്ചു. 2017 ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. 2017 നംവബർ 30 ഫോണിൽ സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ട്. ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെയെന്നതിന്‍റെ തെളിവായാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.