തൃശ്ശൂർ: കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീന് വിയ്യൂരിലുള്ള മുഹമ്മദ് അസറുദ്ദീൻ എന്നൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം തൃശ്ശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിൻ്റെ അന്വേഷണസംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്.
2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശ്ശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീൻ്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തു.
ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. ഈസ്റ്റർ സ്ഫോടനത്തിൻ്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീനൊപ്പം സഹ്റാൻ ഹാഷിമുമായി മുബീൻ ബന്ധം പുലർത്തിയെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. അസഹറൂദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്നത്. നിലവിൽ ഈ പ്രതികളെല്ലാം വിചാരണ നേരിടുകയാണ്.
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്നത് പോലെ ദീപാവലിക്ക് സ്ഫോടനം നടത്താനാണോ മുബീൻ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. മുബീൻ്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഈ നിലയിൽ നീങ്ങുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് തൽഹ, മുഹമ്മദ്റിയാസ്, മുഹമ്മദ് അസഹറൂദ്ദീൻ എന്നിവരാണ് ഇതിനോടകം കേസിൽ പൊലീസിൻ്റെ പിടിയിലായത്. ഇവരെല്ലാം കോയമ്പത്തൂർ ഉക്കടം സ്വദേശികളാണ്. സ്ഫോടനത്തിന് തൊട്ടുമുൻപ് കൊല്ലപ്പെട്ട ജമേഷ മൂബീൻ വീട്ടിൽ നിന്നിറങ്ങും മുൻപ് ആയുധങ്ങളും സ്ഫോടക വസ്കുക്കളും കാറിൽ കയറ്റുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും ഇവർക്ക് നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂർ സ്ഫോടനക്കേസിൻ്റെ അന്വേഷണ ചുമതല തമിഴ്നാട് പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിനാണെങ്കിലും എഐഎ അനൌദ്യോഗികമായി വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഇന്ന് അവർ ഔദ്യോഗികമായി തന്നെ കേസ് അന്വേഷണം ഏറ്റെടുക്കും എന്നാണ് സൂചന.