കൊച്ചി: ഫ്ലാറ്റ്സമുച്ചയം പൊളിച്ചുനീക്കണമെന്ന ഉത്തരവിട്ട കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. തെറ്റ് മനസിലായിട്ടും തിരുത്തിയില്ലെന്നും കണ്ടെത്തല്‍. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപമുള്ള റീഗല്‍ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റാന്‍ കൊച്ചി കോര്‍പറേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഫ്ലാറ്റുടമ നല്‍കിയ പരാതിയില്‍ തദ്ദേശ സ്വയം ഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ജെ. ജോയി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും വീഴ്ചയും കണ്ടെത്തിയത്.
ഫ്ലാറ്റ്സമുച്ചയം പൊളിച്ച് മാറ്റാനുള്ള താല്കാലിക ഉത്തരവ് കൊച്ചി കോര്‍പറേഷന്‍ ഇടപ്പള്ളി കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പുറപ്പെടുവിച്ചത് ഡിസംബര്‍ അവസാനമാണ്. ഈ ഉത്തരവിന്റെ ബലത്തില്‍ ജനുവരിയില്‍ ഫ്ലാറ്റിന് സമീപത്തെ സ്ഥലം ഉടമ കെ.പി. മുജീബും സംഘവും ചേര്‍ന്ന് ഫ്ലാറ്റിലേക്കുള്ള റോഡ് പൊളിച്ചു. ഇതിനെതിരെ ജി.സി.ഡി.എ രംഗത്തുവന്നു. മുജീബിനെതിരെ ഭൂമി കൈയേറ്റത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. സഞ്ചാരമാര്‍ഗം തടസപ്പെടുത്തിയതിനെതിരെ ഫ്ലാറ്റ് ഉടമകളും പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
റീഗല്‍ റിട്രീറ്റ്, റീഗല്‍ റോയല്‍ എന്നീ രണ്ട് അപ്പാര്‍ട്ട്മെന്റുകളിലായി നാല്പത്തിയേഴ് കുടുബങ്ങളുടെയും ഫ്ലാറ്റിന് പിന്നിലുള്ള പ്രദേശവാസികളുടെയും ഗതാഗതമാര്‍ഗം ഈ ലിങ്ക് റോഡാണ്. ഇങ്ങനെയൊരു വഴി ഇല്ലെന്നും ഫ്ലാറ്റുടമകള്‍ കോര്‍പറേഷനെ തെറ്റിദ്ധരിപ്പിച്ച് പെര്‍മിറ്റ് സ്വന്തമാക്കുകയായിരുന്നുവെന്നുമാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ ഉത്തരവിറക്കിയത്. എന്നാല്‍ കെ.പി. മുജീബ് എന്നയാള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമര്‍പ്പിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികമായ രേഖകളുടെയോ തെളിവുകളുടെയോ പരിശോധനയില്ലാതെയാണ് കൊച്ചി കോര്‍പ്പറേഷന്‍ ഇടപ്പള്ളി കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറും ഉദ്യോഗസ്ഥനുംചേര്‍ന്ന് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് തദ്ദേശ സ്വയം ഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരാതിക്കാരനായ കെ.പി. മുജീബ് ഏഴ് മീറ്റര്‍ റോഡിന് മേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് റോഡിന്റെ മൂന്നില്‍ ഒരു ഭാഗം കുത്തിപ്പൊളിച്ച് നശിപ്പിച്ചു എന്നും ഇങ്ങനെ റോഡ് നശിപ്പിക്കാന്‍ അവസരം ഒരുക്കിയത് ഫ്ലാറ്റ് പൊളിക്കണമെന്ന താല്ക്കാലിക ഉത്തരവാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. രേഖകള്‍പ്രകാരം ഈ ഏഴ് മീറ്റര്‍ ലിങ്ക്റോഡ് ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ളതാണ്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ജി.സി.ഡി എയോട് വിവിരം തേടാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഈ ഏഴ് മീറ്റര്‍ റോഡിന്റെ ഉടമസ്ഥാവകാശം പരാതിക്കാരനായ കെ.പി. മുജീബിനാണെന്ന് ഉത്തരവില്‍ എഴുതിയത് റവന്യു രേഖകള്‍ പരിശോധിക്കാതെയാണ്.
ഇതില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ക്കും തെറ്റ് സംഭവിച്ചു. തെറ്റ് മനസ്സിലാക്കി ഈ ഉത്തരവ് പിന്‍വലിക്കാന്‍ ശുപാര്‍ശയുണ്ടായിരുന്നിട്ടും നിയമോപദേശത്തിന് അയക്കാവുന്നതാണ് എന്നുമാത്രം ഫയലില്‍ കുറിപ്പെഴുതിയ കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും സൂപ്രണ്ടിങ് എഞ്ചിനീയര്‍ക്കും അഡീഷണല്‍ സെക്രട്ടറിക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലാറ്റ് പൊളിക്കാന്‍ കോര്‍പറേഷന്‍ നല്‍കിയ താല്ക്കാലിക ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കാന്‍ കൊച്ചി നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് ജി.സി.ഡി എയുടെ വക റോഡ് കുത്തിപ്പൊളിച്ച കെ.പി. മൂജീബിന്റെ ചെലവില്‍ റോഡ് പുനര്‍നിർമിക്കാന്‍ ജി സി.ഡി.എ സെക്രട്ടറിക്ക് നിർദേശം നല്‍കണമെന്നും ശുപാര്‍ശ ചെയ്യുന്നു.