ദില്ലി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. അപകടകാരണങ്ങൾ പ്രതിരോധ മന്ത്രിയോട് സംഘം അക്കമിട്ട് വിശദീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പ്രതിരോധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വഹിക്കുന്ന ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിന് അന്വേഷണ സംഘം ശുപാർശ നൽകി. ക്രൂവിൽ ‘മാസ്റ്റര്‍ ഗ്രീന്‍’ വിഭാഗത്തിലുള്ള പൈലറ്റുമാരും മറ്റ് വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
കുറഞ്ഞ ദൃശ്യപരതയിലും എയർക്രാഫ്റ്റ് ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ കഴിയുന്ന മികച്ച പൈലറ്റുമാർക്കാണ് ‘മാസ്റ്റർ ഗ്രീൻ’ കാറ്റഗറി നൽകുന്നത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം എംഐ-17വി5 ഹെലികോപ്റ്റർ തകർന്ന് വീണാണ് ജനറൽ റാവത്തും മറ്റ് 13 പേരും മരിച്ചത്. ഹെലികോപ്റ്ററിലെ സാങ്കേതിക പിഴവ് മൂലമല്ല തകരാർ സംഭവിച്ചതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.












