മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാർ പുഴയിൽത്തള്ളിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്.
കേസിൽ ആകെ 12 പ്രതികളാണുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ അതോടൊപ്പം ഡിഎൻഎ പരിശോധനാഫലം കൂടി നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.
ഷാബാ ഷെരീഫിൻ്റെ മൃതദേഹം കണ്ടെത്താനായില്ലെങ്കിലും സാഹചര്യ തെളിവുകളും തൊണ്ടി മുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിൻ്റെ പൈപ്പിൽ കണ്ടെത്തിയ രക്തക്കറ, പുഴയിൽ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറിൽനിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് നിർണായക തെളിവുകൾ. എന്നാൽ ഇതെല്ലാം ഷാബാ ഷെരീഫിൻ്റേതാണ് എന്ന് തെളിയിക്കണമെങ്കിൽ ഡി.എൻ.എ. പരിശോധന ഫലം കൂടി വരേണ്ടതുണ്ട്.
ഒറ്റമൂലി ചികിത്സ നടത്തുന്ന ഷാബാ ഷെരീഫിനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടു വന്ന് ഒന്നേ കാൽവർഷം മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലയ്ക്കിട്ട് തടവിൽ പാർപ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽത്തള്ളിയതാണ് കേസിന് ആസ്പദമായ സംഭവം കേസിൽ 12 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഷൈബിന്റെ സഹായി റിട്ടയർഡ് എസ്ഐ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്.