കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈൽ ഫോണുകൾ ബുധനാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം. ബുധനാഴ്ച മൂന്ന് മണിക്ക് മുമ്പ് പഴയ ഫോണുകൾ ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിർദേശം. ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും ഫോണുകളിൽ കൃത്രിമം കാണിക്കുമെന്ന് ആശങ്കയുണ്ടെന്നുമാണ് ദിലീപിന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ദിലീപ് അടക്കമുള്ള പ്രതികൾ ഫോണുകൾ മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചനാക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നാല് പ്രതികളും മൊബൈൽഫോണുകൾ മാറ്റിയത്. തെളിവുകൾ ശേഖരിക്കാൻ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ ഫോണുകളാണ് പ്രതികൾ അന്വേഷണസംഘത്തിന് കൈമാറിയത്. ഇതോടെയാണ് പഴയ ഫോണുകൾ മാറ്റിയതായും പുതിയ ഫോണുകൾ കൈമാറി കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.