തൃശ്ശൂർ : തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.കെ ധനലക്ഷ്മി മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ (BK Dhanalakshmi Multi State Agro Co-operative Society) അടിമുടി ദുരൂഹത. സൊസൈറ്റിയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ തിരിമറികളാണെന്നാണ് വിവരം. നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ അനധികൃത ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായും സംശയിക്കുന്നു. സ്ഥാപനത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പലരുടെയും കാലാവധിയെത്തിയ നിക്ഷേപങ്ങൾ തിരികെ നൽകുന്നില്ല. ഭരണസമിതി അംഗങ്ങള്‍ ബിനാമി പേരില്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയതായും നിക്ഷേപകർ ആരോപിക്കുന്നു. നിക്ഷേപങ്ങൾ തിരികെ നൽകാൻ അവധികൾ മാറ്റിപ്പറഞ്ഞ് മനപൂര്‍വ്വം നീട്ടിക്കൊണ്ട് പോവുകയാണെന്നാണ് നിക്ഷേപകർ പറയുന്നത്. നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങുന്നുവെന്നും നിക്ഷേപകര്‍ പറയുന്നു.
സൊസൈറ്റിയുടേതെന്ന് മാനേജ്മെന്റ് അവകാശപ്പെടുന്ന പല ആസ്തികളും സംരംഭങ്ങളും മറ്റുചിലരുടെ പേരിലുള്ളതാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ബിനാമി പേരുകളില്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. ഇതിനെതിരെ വിവിധ ഏജൻസികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നിക്ഷേപകര്‍. എന്നാല്‍ പരാതികളും കേസുകളും എത്തുന്നതിനു മുമ്പ് സ്വത്തുവകകള്‍ വില്‍ക്കുവാനും നീക്കം നടക്കുന്നുണ്ട്. വില്‍പ്പന നടത്തുവാനുള്ള സാവകാശം ലഭിക്കുന്നതിനുവേണ്ടിയാണ് നിക്ഷേപകരോട് അവധികള്‍ പറഞ്ഞ് നീട്ടുന്നതെന്നാണ് വിവരം. നിയമവിരുദ്ധമായി വലിയ തുക കമ്മീഷൻ നൽകിയാണ് നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതെന്നും പറയുന്നു. നിലവില്‍ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് സ്ഥാപനം മുമ്പോട്ട് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. സൊസൈറ്റിയുടെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.







