കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി വർഷങ്ങളായിട്ടും ആപ്പിൾ അതിന് തയ്യാറായിരുന്നില്ല. എന്നാൽ ഐഫോൺ 14 പ്രോ സീരീസ് ആ പതിവ് തെറ്റിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 14 പ്രോയിൽ 48 എംപി സെൻസർ ഉൾപ്പെടുത്തുമെന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ അവകാശപ്പെടുന്നത്.
48 മെഗാപിക്സൽ സെൻസർ ഉപയോഗിക്കുമ്പോഴും പിക്സൽ ബിന്നിങിന് ശേഷം 12 എംപി ചിത്രങ്ങൾ തന്നെയാണ് പുറത്തുവിടുക. ഇതുവഴി കൂടുതൽ മികച്ച ചിത്രങ്ങൾ പുറത്തുവരും. പിക്സൽ ബിന്നിങിന്റെ ഫലമായി ചിത്രങ്ങളിലെ നോയ്സ് നീക്കം ചെയ്യപ്പെടും. അതേസമയം 48 എംപി ചിത്രങ്ങൾ പകർത്താൻ പ്രത്യേകം 48എംപി ഫീച്ചർ ക്യാമറയിൽ നൽകും. നിലവിൽ ആൻഡ്രോയിഡ് ക്യാമറകളിലും ഇതേ രീതിയിൽ തന്നെയാണ് 48 എംപി ഫോട്ടോഗ്രഫി നൽകിയിരിക്കുന്നത്. ഇതു കൂടാതെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന പെരിസ്കോപ്പ് ലെൻസ് എന്ന സംവിധാനവും ഐഫോണുകളിൽ പരീക്ഷിച്ചേക്കും. ഇത് പക്ഷെ 2023 ൽ പുറത്തിറങ്ങുന്ന ഐഫോൺ 15 പരമ്പരയിലായിരിക്കും.
48 എംപി ക്യാമറ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. പുതിയ ഐഫോൺ ഫീച്ചറുകൾ മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധേയനായ അനലിസ്റ്റാണ് മിങ് ചി കുവോ. ഐഫോൺ 14 ൽ ഡിസ്പ്ലേ നോച്ച് ഒഴിവാക്കുമെന്നും പകരം പഞ്ച് ഹോൾ ക്യാമറ ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകളായി ഐഫോൺ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മാറ്റങ്ങളിലൊന്നാണ് ഡിസ്പ്ലേ നോച്ച്. ഇതുവഴി വലിയ സ്ക്രീൻ അനുഭവം സാധ്യമാകും.