ഓരോ വർഷവും ഐ ഫോണുകളിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാറുണ്ട് ആപ്പിൾ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാർത്ത വരുന്നു. 2022 സെപ്റ്റംബറിൽ സിം കാർഡ് സ്ലോട്ട് ഇല്ലാത്ത ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുകയാണത്രെ. അതേ സമയം 2023 ൽ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോൺ 15 പ്രോ മോഡലുകളിൽ സിംകാർഡ് സ്ലോട്ട് ഒഴിവാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ബ്രസീലിയൻ വെബ്സൈറ്റ് ഒരു ബ്ലോഗിൽ അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ വാർത്ത വന്നിരിക്കുന്നത്. 2022 സെപ്റ്റംബറിൽ തന്നെ സിംകാർഡുകളില്ലാത്ത ഐഫോണുകൾ പുറത്തിറങ്ങുമെന്നാണ് ഇതിൽ പറയുന്നത്. പകരം ഇ-സിം സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇതിന് വേണ്ടി തയ്യാറെടുക്കാൻ യുഎസിലെ ടെലികോം സേവന ദാതാക്കളോട് കമ്പനി നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഈ വാർത്ത ശരിയാണെങ്കിൽ ഐ ഫോൺ 14 മോഡലുകളിൽ തന്നെ സിംകാർഡ് സ്ലോട്ടുകൾ ഒഴിവാക്കപ്പെടും. രണ്ട് ഇ-സിമ്മുകൾ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. സിം കാർഡുകൾ ഒഴിവാക്കപ്പെടുന്നതോടെ വെള്ളത്തെ പ്രതിരോധിക്കാനുള്ള ഐ ഫോണുകളുടെ ശേഷി മെച്ചപ്പെടും. വരാനിരിക്കുന്ന ഐഫോൺ 14 ഫോണുകളിൽ രണ്ട് ടിബി സ്റ്റോറേജ് സൗകര്യമുണ്ടാവും. ക്യുഎൽസി ഫ്ളാഷ് സ്റ്റോറേജ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഐഫോൺ 14 ൽ 48 എംപി ക്യാമറയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.