ദില്ലി: ഐപിഎല്ലിലെ പുതിയ ഇംപാക്‌ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രധാന്യം ഇല്ലാതാക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ്. ക്യാപ്റ്റൻ ഡേവിഡ് വാർണർ ഓപ്പണറായി ബാറ്റ് ചെയ്യുമെന്നും പോണ്ടിംഗ് പറഞ്ഞു.
ടോസിന് ശേഷം പ്ലേയിംഗ് ഇലവനെ നിശ്ചയിക്കുക. മത്സരത്തിന്‍റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്ററെയോ ബൗളറേയോ മാറ്റി ഇംപാക്‌ട് പ്ലെയറെ കളിപ്പിക്കുക തുടങ്ങിയ പുതിയ നിയമങ്ങളുമായാണ് ഇത്തവണത്തെ ഐപിഎൽ സീസണ് തുടക്കമാവുക. എന്നാൽ ഇംപാക്‌ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രധാന്യം ഇല്ലാതാക്കുമെന്നാണ് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ് വിലയിരുത്തൽ. ‘കളിക്കിടെ ഒരു താരത്തെ മാറ്റാൻ അനുമതി നൽകുന്നതോടെ ഓൾറൗണ്ടറെ ഇലവനിൽ ഉൾപ്പെടുത്താൻ ടീമുകൾ മടിക്കും. സാഹചര്യം നോക്കി ബാറ്ററെയോ ബൗളറേയോ മാറ്റാൻ സൗകര്യമുള്ളപ്പോൾ ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ഓവർ പന്തെറിഞ്ഞ് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ഓൾറൗണ്ടറുടെ പ്രസക്തി ഇംപാക്‌ട് പ്ലെയറിലൂടെ ഇല്ലാതാവുമെന്നും’ പോണ്ടിംഗ് പറയുന്നു.
ക്യാപ്റ്റൻ റിഷഭ് പന്ത് കാറപകടത്തിൽ പരിക്കേറ്റ് പുറത്തായതിനാൽ ഡേവിഡ് വാർണറായിരിക്കും ഡൽഹിയെ നയിക്കുക. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിൽ നാലാമനായാണ് ബാറ്റ് ചെയ്തെങ്കിലും വാർണർ ഡൽഹിക്കായി ഓപ്പൺ ചെയ്യുമെന്നും പോണ്ടിംഗ് വ്യക്തമാക്കി. ‘ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വാർണർ. ഓസീസ് താരത്തിന്‍റെ ഓപ്പണിംഗിലും മികവ് തുടർന്നും പ്രയോജനപ്പെടുത്തും. റിഷഭ് പന്തിന്‍റെ അഭാവം പരിഹരിക്കാൻ ആർക്കും കഴിയില്ല. യുവതാരങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ’ എന്നും പോണ്ടിംഗ് പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സ് സ്‍ക്വാഡ്: റിഷഭ് പന്ത്(പുറത്ത്), ഡേവിഡ് വാർണർ(ക്യാപ്റ്റന്‍), ഖലീല്‍ അഹമ്മദ്, യാഷ് ദുള്‍, അമാന്‍ ഹക്കീം ഖാന്‍, പ്രവീണ്‍ ദുബേ, സർഫറാസ് ഖാന്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ്, മിച്ചല്‍ മാർഷ്, മുകേഷ് കുമാർ, മുസ്താഫിസൂർ റഹ്മാന്‍, കമലേഷ് നാഗർകോട്ടി, ലുങ്കി എന്‍ഗിഡി, ആന്‍റിച് നോർക്യ, വിക്കി ഒസ്ത്വാല്‍, മനീഷ് പാണ്ഡെ, റിപാല്‍ പട്ടേല്‍, അക്സർ പട്ടേല്‍, റോവ്മാന്‍ പവല്‍, റൈലി റൂസോ, ഫില്‍ സാള്‍ട്ട്, ചേതന്‍ സക്കരിയ, ഇഷാന്ത് ശർമ്മ, പൃഥ്വി ഷാ.