ടെഹ്റാൻ ∙ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധ സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്റെ തീരുമാനമെന്നു വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്.
‘‘നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിനു സ്ഥാനമില്ലെന്ന്’’ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞു. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പാർലമെന്റും ജുഡീഷ്യറിയും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ പറഞ്ഞിരുന്നു. യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു പിന്നാലെയാണു രാജ്യത്ത് ഹിജാബ് നിർബന്ധമാക്കിയത്.
മഹ്മൂദ് അഹമ്മദിനജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്തു മതകാര്യ പൊലീസ് സ്ഥാപിതമായി. 2006ൽ യൂണിറ്റുകൾ പട്രോളിങ് ആരംഭിച്ചു. അടുത്തിടെ ശക്തമായ ഹിജാബ് വിരുദ്ധ സമരങ്ങളെ അടിച്ചമർത്തിയിരുന്ന ഭരണകൂടം ഒടുവിൽ മുട്ടുമടക്കിയെന്നു രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ സർവകലാശാല വിദ്യാർഥികളാണു പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്.
അമിനിയുടെ മരണം മർദനം മൂലമല്ലെന്നും നേരത്തേയുണ്ടായിരുന്ന രോഗങ്ങളെ തുടർന്നാണെന്നും ഫൊറൻസിക് റിപ്പോർട്ടുകളെ ഉദ്ധരിച്ച് സർക്കാർ വ്യക്തമാക്കിയെങ്കിലും സമരക്കാർ പിന്മാറിയില്ല. രാജ്യമാകെ പ്രക്ഷോഭം കത്തിപ്പടർന്നു. ഇറാനിലെയും വിദേശരാജ്യങ്ങളിലെയും ഒട്ടേറെ പ്രമുഖരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഖത്തർ ലോകകപ്പിൽ മത്സരത്തിനു മുൻപ് ദേശീയഗാനം ആലപിക്കുന്ന വേളയിൽ ഇറാൻ ടീം നിശബ്ദമായി നിന്നാണു സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഇറാനില്‍ 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ചു കടുത്ത നിയന്ത്രണങ്ങളുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ചു നിരവധി പേരെ തടവിലാക്കുകയും ചെയ്തിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണു മഹ്സ അമിനിയെ അറസ്റ്റ് ചെയ്തത്. ഹിജാബ് വിരുദ്ധ സമരക്കാർക്ക് എതിരായ നടപടികളില്‍ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.