ന്യൂഡൽഹി ∙ റെയ്സിന ഡയലോഗ് സമ്മേളനത്തിന്റെ പ്രചാരണ വിഡിയോയിൽ ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ ഇന്ത്യാ സന്ദർശനം റദ്ദാക്കി.
ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണു റെയ്സിന ഡയലോഗ് സംഘടിപ്പിക്കുന്നത്. വിവിധരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഉന്നതരും പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ മാസം പുറത്തുവന്ന പ്രചാരണ വിഡിയോയിൽ യുക്രെയ്ൻ സംഘർഷമടക്കം വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങൾ പരാമർശിക്കുന്നതോടൊപ്പമാണ് ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ മുടി മുറിക്കുന്ന സ്ത്രീയും ചിത്രവും പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ചിത്രവും കാണിക്കുന്നത്.
ഇതു നീക്കം ചെയ്യണമെന്ന് ഇറാൻ എംബസി ആവശ്യപ്പെട്ടിരുന്നു. അനുകൂലനടപടിയില്ലാതെ വന്നതോടെയാണു സന്ദർശനം റദ്ദാക്കിയതെന്നാണ് വിവരം. പ്രതികരിക്കാൻ വിദേശകാര്യമന്ത്രാലയം തയാറായില്ല. ഒആർഎഫിന്റെ വിശദീകരണവും ലഭ്യമല്ല. ജനകീയപ്രക്ഷോഭം അടിച്ചമർത്തിയതിന്റെ പേരിൽ ഇറാനെതിരെ യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.