ദില്ലി : ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചർച്ചയിൽ ഉന്നയിച്ചെന്ന് ആവർത്തിച്ച് ഇറാൻ. മതനിന്ദ നടത്തുന്നവർക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാൻറെ പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് ഇത് ചർച്ച ആയില്ല എന്ന് വിദേശകാര്യവക്താവ് വിശദീകരിച്ചത്. ഇറാൻറെ പ്രസ്താവന വൈകിട്ട് വിദേശകാര്യമന്ത്രാലയത്തിൻറെ സൈറ്റിൽ നിന്ന് പിൻവലിച്ചു. എന്നാൽ ഇറാൻ സർക്കാരിനറെ ഔഗ്യോഗിക വെബ്സൈറ്റിൽ ഈ പ്രസ്താവന ആവർത്തിച്ചു.
മന്ത്രി ഹൂസൈൻ അമിർ അബ്ദുല്ലഹിയാൻറെ ട്വീറ്റിലും ഇന്ത്യയുമായി ഇക്കാര്യം ചർച്ച ചെയ്തു എന്നറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് രണ്ടു രാജ്യങ്ങളുടയും നിലപാടെന്നും ഇറാൻ വിദേശകാര്യമന്ത്രി പറയുന്നു. ബിജെപി നേതാക്കളുടെ പരാമർശം ഇന്ത്യയുടെ നിലപാടല്ല എന്ന് വിദേശകാര്യ വക്താവ് ഇന്നലെ വിശദീകരിച്ചിരുന്നു. വിദേശകാര്യരംഗത്ത് വൻ തിരിച്ചടിയായ സാഹചര്യത്തിൽ വിഷയം തണുപ്പിക്കാനുള്ള നീക്കം സർക്കാർ തുടരുകയാണ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിനിടെ 30 ആയി ഉയർന്നു.