ടെഹ്റാൻ∙ മുഖം ആഞ്ജലീന ജോളിയുടേതുപോലെയാകാൻ നിരവധി ശസ്ത്രക്രിയകൾ നടത്തി വിരൂപയായിപ്പോയെന്ന് പ്രചരിപ്പിച്ച യുവതി യഥാർഥ മുഖം വെളിപ്പെടുത്തി. ഇറാനിൽ ജയിൽ മോചിതയായതോടെയാണ് യുവതി ഫോട്ടോഷോപ് ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നു വെളിപ്പെടുത്തിയതും യഥാർഥ മുഖവുമായി രംഗത്തെത്തിയതും.
‘സോംബി ആഞ്ജലീന ജോളി’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. 2019ലാണ് സഹർ തബർ എന്ന യുവതിയെ മതനിന്ദയും അഴിമതിയും ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് പത്ത് വർഷത്തേയ്ക്ക് ജയിലിലടയ്ക്കുകയായിരുന്നു. മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ തബർ ജയിൽ മോചിതയാകുകയായിരുന്നു.
ഇറാനിൽ പ്രതിഷേധം ഉടലെടുത്തതോടെ സഹറിനെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. സഹറിന് 21 വയസ്സ് മാത്രമേ ഉള്ളുവെന്നും തമാശയ്ക്ക് ചെയ്ത പ്രവൃത്തിയാണ് ജയിയിലെത്തിച്ചതെന്നും ഇവർ പറയുന്നു. ജയിൽ മോചിതയാക്കാൻ വേണ്ടി ആഞ്ജലീന ജോളിയുടെ സഹായം വരെ തേടിയിരുന്നു.
ജയിൽ മോചിതയായ ശേഷം പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫോട്ടോകൾ കൃത്രിമമായിരുന്നുവെന്ന് സഹർ സമ്മതിച്ചത്. മേക്കപ്പിലൂടെയും ഫോട്ടോഷോപ്പിലൂടെയും സൃഷ്ടിച്ച ഫോട്ടോകളാണ് പ്രചരിപ്പിച്ചത്. അതേ സമയം ചെറിയ രീതിയിലുള്ള ശസ്ത്രക്രിയകൾക്ക് വിധേയയായെന്നും സഹർ സമ്മതിച്ചു. തന്റെ യഥാർഥ പേര് ഫാത്തിമ ഖിഷ്‌വാദ് എന്നാണെന്നും പ്രശസ്തയാകാനാണ് കൃത്രിമം നടത്തി മുഖം ഭീകരമാക്കിയതെന്നും സഹർ പറഞ്ഞു. സംഭവത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഫോട്ടോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നതിൽനിന്നു പിന്തിരിയണമെന്ന് അമ്മ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും തബർ പറഞ്ഞു. നിരവധി ആളുകളാണ് തബർ പോസ്റ്റ് ചെയ്തത് യഥാർഥ ഫോട്ടോ ആണെന്ന് വിശ്വസിച്ചിരുന്നത്.