നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാഗ്പൂരില്‍ തുടങ്ങും മുമ്പ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നത് പിച്ചായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യ നാഗ്പൂരില്‍ സ്പിന്‍ ചതിക്കുഴി ഒരുക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ177 റണ്‍സിന് ഓള്‍ ഔട്ടായതോടെ ആരോപണങ്ങള്‍ക്ക് ശക്തികൂടുകയും ചെയ്തു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്ക് ഈ പിച്ചില്‍ ബാറ്റ് ചെയ്യുക ദുഷ്കരമായിരിക്കുമെന്നും വിലയിരുത്തലുകളുണ്ടായി.
എന്നാല്‍ രണ്ടാം ദിനം 168 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യ അവസാന അഞ്ച് വിക്കറ്റില്‍ 232 റണ്‍സടിച്ച് വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തി. ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റര്‍മാരായ രവീന്ദ്ര ജഡേജ 70 റണ്‍സടിച്ചപ്പോള്‍ അക്സര്‍ പട്ടേല്‍ 84 റണ്‍സടിച്ച് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായി. സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്ഷമയോടെ ബാറ്റ് ചെയ്താല്‍ നാഗ്പൂരില്ഡ റണ്‍സടിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് തെളിയിച്ചു.ഇതോടെ നാഗ്പൂരിലെ പിച്ചിനെ കുറ്റം പറഞ്ഞവരൊക്കെ എവിടെയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ ഒമ്പതാ നമ്പര്‍ പോലും രണ്ടാം ദിനം ഫിഫ്റ്റി അടിക്കുന്ന പിച്ച് നല്ല പിച്ച് അല്ലെ എന്നും പത്താന്‍ ട്വിറ്ററില്‍ ചോദിച്ചു. മൂന്നാം ദിനം കമന്‍ററിക്കിടെ രവി ശാസ്ത്രിയും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു.ടെസ്റ്റ് തുടങ്ങും മുമ്പുള്ള ചര്‍ച്ചകള്‍ കേട്ടാല്‍ ഈ പിച്ചില്‍ മൂന്ന് ഇന്നിംഗ്സിലും കൂടി 400 റണ്‍സടിക്കാന്‍ കഴിയില്ലെന്നായിരുന്നു. എന്നാല്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ തന്നെ 400 റണ്‍സടിച്ചുവെന്നും രവി ശാസ്ത്രി പറഞ്ഞു. അക്സറിന്‍റെയും ജഡേജയുടെയും അര്‍ധസെഞ്ചുറികളുടെയും രോഹിത്തിന്‍റെ സെഞ്ചുറിയുടെയും മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സെടുത്ത് പുറത്തായിരുന്നു.