ഇരിങ്ങാലക്കുട: ഠാണ-ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായി മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ. ആർ. ബിന്ദു അറിയിച്ചു.ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിലെ 0.7190 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്.തൊഴിൽ നഷ്ടപ്പെടുന്നവർക്കും സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന ഉടമകൾക്കും 2015ലെ പൊന്നുംവില ചട്ടം 21 പ്രകാരമുള്ള നടപടി പൂർത്തീകരിച്ചാണ് പുനരധിവാസ പാക്കേജ് തയാറാക്കിയത്.
കലക്ടർ സമർപ്പിച്ച പാക്കേജ് ലാൻഡ് റവന്യൂ കമീഷണർ അംഗീകരിച്ചതോടെയാണ് പാക്കേജ് അനുവദിച്ച് ഉത്തരവായത്. കലക്ടറേറ്റ്, ആർ.ഡി.ഒ ഓഫിസ്, താലൂക്ക് ഓഫിസ്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പാക്കേജിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങളും അനുവദിച്ച തുകയും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.