മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള. കോടതി ഉത്തരവിന്റെ പേരിൽ തുടങ്ങിയ സംഭവങ്ങൾ പിന്നീട് വർഗീയ പ്രശ്നമായി. പ്രശ്നം പരിഹരിക്കുന്നതിൽ മണിപ്പൂർ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഇറോം ശർമ്മിള വ്യക്തമാക്കി. ബെംഗളുരുവിൽ 24നോട് സംസാരിക്കുകയായിരുന്നു പഴയ മണിപ്പൂർ സമരനായിക. മണിപ്പൂർ വിട്ട് ബെംഗളൂരുവിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുകയാണ് നിലവിൽ ഇറോം ചാനു ശർമ്മിള. ഇതിനിടയിലാണ് 24നോട് മണിപ്പൂരിൽ നിലവിൽ നടക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മനസ് തുറന്നത്. കോടതി ഉത്തരവാണ് മണിപ്പൂരിൽ പെട്ടെന്നുള്ള പ്രശ്നങ്ങൾക്ക് കാരണമായതെങ്കിലും പിന്നീടത് വർഗീയപ്രശ്നമായി. സർക്കാരിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി ബിരേൻ സിങ് എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തണമായിരുന്നു. പക്ഷേ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടു. മണിപ്പൂരിൽ സമാധാനത്തിനാഹ്വാനം ചെയ്ത ഇറോം ശർമ്മിള കുടിയേറ്റം ഇന്നത്തെ കാലത്ത് നിയന്ത്രിക്കാനാകില്ലെന്നും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോയേ തീരൂവെന്നും വ്യക്തമാക്കി.