തിരുവനന്തപുരം: പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആർഷോ. പരീക്ഷ എഴുതാതെ ആർഷോ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാജാസ് കോളേജിലെ വ്യാജ രേഖയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഒരു വ്യക്തി ചെയ്യുന്ന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ കർശന നടപടി ഉണ്ടാകും. വിഷയം അറിയുന്നതേ ഉള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ സമരം ചെയ്യുന്ന കുട്ടികൾക്കെതിരെ നടപടി എടുക്കരുതെന്ന് നിർദേശം നൽകിയിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ സ്ഥാപങ്ങൾ പലതും അനാവശ്യ നിർബന്ധങ്ങൾ വിദ്യാർത്ഥികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. കോളജിലേക്ക് വരുന്ന കുട്ടികൾ 18 വയസ്സ് കഴിഞ്ഞവരാണ്. അവരെ അങ്ങനെ തന്നെ കാണണം. പലയിടത്തും സദാചാര പൊലീസിങ് നടക്കുന്നുണ്ട്. മൊബൈൽ പിടിച്ചെടുക്കുന്നത് വ്യക്തി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുട്ടികൾ സമരവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.