കൊച്ചി: മറൈൻഡ്രൈവിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കിടെ വള്ളങ്ങൾ മറിയാനിടയാക്കിയത് കായലിലെ ആശാസ്ത്രീയമായ ഡ്രഡ്ജിംഗ് നിമിത്തമെന്ന് വിമർശനം. സിബിഎല്ലിന് മുന്നോടിയായി ജലസേചന വകുപ്പ് നടത്തിയ ഡ്രെഡ്ജിംഗിൽ കോരിയെടുത്ത ചെളി കായലിലേക്ക് തന്നെ നിക്ഷേപിച്ചത് തിരിച്ചടിയാകുമെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കൊച്ചി കായലിന്‍റെ തീരത്തോട് ചേർന്നുള്ള ഒന്നും രണ്ടും ട്രാക്കിലല്ല പടിഞ്ഞാറ് ഭാഗത്തുള്ള മൂന്നാം ട്രാക്കിലെ മണൽത്തിട്ടയാണ് ചുണ്ടൻ വള്ളങ്ങളുടെ വഴി മുടക്കിയത്. ലൂസേഴ്സ് ഫൈനലിൽ വീയപുരം ചുണ്ടൻ മറിയാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ചാന്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്കായി ഒരാഴ്ച മുന്പാണ് ജലസേചന വകുപ്പ് കായലിലെ ചെളി കോരിയത്. പക്ഷ കോരിയെടുത്ത ചെളി കായലിന്‍റെ ഒരു ഭാഗത്ത് തന്നെ നിക്ഷേപിച്ചു. വേലിയിറക്കത്തിൽ മത്സരത്തിന് മുന്പ് തന്നെ ചെളി വീണ്ടും മത്സര ട്രാക്കിലെത്തി.
കോരിയെടുക്കുന്ന ചെളി പോർട്ട് അതോറിറ്റിയെ അറിയിച്ച് ഉൾക്കടലിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാൽ ജലസേചനവകുപ്പ് ആരെയും അറിയിക്കാതെ നടത്തിയ പ്രവൃത്തിയാണിപ്പോൾ തിരിച്ചടിയായത്. ഈ ചെളി വേലിയിറക്കത്തിൽ ഇനിയും നീങ്ങി വാട്ടർമെട്രോയുടെയും, കെഎസ്ഐഎൻസി ബോട്ടുകളുടെയും സഞ്ചാരപാതയിലെത്തും. ഈ പാതയിൽ കുറഞ്ഞത് 20 ശതമാനം ഭാഗത്തെങ്കിലും ചെളി വന്ന് മൂടിയാൽ നീക്കാൻ ചിലവാകുക 20 ലക്ഷം രൂപയാണ്.
മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ചാന്പ്യൻസ് ബോട്ട് ലീഗ് രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനാണ് ജലരാജാവായത്. ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരച്ച പോരാട്ടത്തിൽ പായിപ്പാട് ചുണ്ടൻ രണ്ടാമതെത്തി. ആയാംപറമ്പ് പാണ്ടിയാണ് മൂന്നാമത്. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ താണിയൻ ഒന്നാമതെത്തി. വിജയികൾക്ക് ചലച്ചിത്ര താരം മിയ ജോർജ് സമ്മാനങ്ങൾ കൈമാറി. സിബിഎല്ലിലെ ആറാമത് മത്സരങ്ങൾ അടുത്ത ശനിയാഴ്ച കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നടക്കും.