ബഗ്ദാദ് : ഇറാഖിലെ പട്ടാളത്താവളത്തിലും സിറിയയിലെ ജയിലിലും ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ മരണം. നഗരത്തിനു വടക്ക് ദിയാല പ്രവിശ്യയിലെ ബക്കൂബ നഗരത്തിനു സമീപമുള്ള പട്ടാള ബാരക്കില്‍ പുലര്‍ച്ചെ മൂന്നിന് ആയിരുന്നു ആക്രമണം. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു ലഫ്റ്റനന്റ് ഉള്‍പ്പെടെ 11 സൈനികര്‍ ഭീകരരുടെ തോക്കിനിരയായി. സിറിയയിലെ ഹസ്സക്കെ നഗരത്തിലെ ഗ്വീറാന്‍ ജയില്‍ സമുച്ചയത്തില്‍ മൂവായിരത്തോളം ഐഎസ് ഭീകരരെ പാര്‍പ്പിച്ചിരുന്ന ബ്ലോക്കില്‍ വാഹനങ്ങളിലെത്തിയ നൂറോളം ഭീകരര്‍ സ്‌ഫോടകവസ്തുക്കളെറിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. കാവല്‍ ജോലിക്കാരായ 7 കുര്‍ദ് പോരാളികള്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരില്‍ ചിലരും അക്രമിസംഘത്തിലെ ചിലരും ഉള്‍പ്പെടെ 23 ഐഎസ് ഭീകരര്‍ ജയിലിനു വെളിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
അക്രമികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആയിരുന്നു സ്‌ഫോടനം. 3 വര്‍ഷം മുന്‍പ് ഐഎസിന് നിയന്ത്രണം നഷ്ടപ്പെട്ടശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.