രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. എന്നാൽ അത്താഴം വെെകി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യം പലരും അറിയാതെ പോകുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിൻ്റെ ദോഷഫലങ്ങൾ ഏറെയാണ്. ശരീരഭാരം കൂടുന്നതാണ് അതിൽ ആദ്യത്തെ പ്രശ്നമെന്ന് പറയുന്നത്. രാത്രി 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിനും മറ്റ് അസ്വസ്ഥകൾക്കും കാരണമാകുന്നു. ‘ഭക്ഷണം കഴിക്കുന്ന സമയം മാത്രം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെ കാര്യമായി ബാധിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. മൊത്തത്തിലുള്ള കലോറി ഉപഭോഗവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരവുമാണ് കൂടുതൽ പ്രധാനം…’ – പോഷകാഹാര വിദഗ്ധ ഗരിമ ഗോയൽ പറഞ്ഞു.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനക്കേടിലേക്ക് നയിച്ചേക്കാം അല്ലെങ്കിൽ വയറിലെ അസിഡിറ്റി വർദ്ധിക്കുന്നതിനാൽ ചില വ്യക്തികൾക്ക് ഉറക്കം തടസ്സപ്പെടാം.
രാത്രി വൈകിയുള്ള ഭക്ഷണത്തിൽ നിന്നുള്ള ആമാശയത്തിലെ അസിഡിറ്റി വർദ്ധിക്കുന്നത് ഉറക്ക രീതികളെയും മൊത്തത്തിലുള്ള ഉറക്കത്തിൻ്റെ ഗുണനിലവാരത്തെയും തടസ്സപ്പെടുത്തിയേക്കാം. അത്താഴം വെെകി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കും എന്നു മാത്രമല്ല കൂടുതൽ കൊഴുപ്പ് ശേഖരിക്കപ്പെടുകയും ചെയ്യും.
ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഉറങ്ങുന്നതിന് ഒന്നരമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ദീർഘനാൾ വൈകി ഭക്ഷണം കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം.
കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കുക. കഴിച്ച ഉടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും.