രാവിലെ ഉറക്കം ഉണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ കഴിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇത് ഉന്മേഷത്തോടെ ദിവസം തുടങ്ങാൻ സഹായിക്കുമെന്നാണ് അധികപേരും ചിന്തിക്കുന്നത്. പ്രത്യേകിച്ച് കാപ്പിയിലടങ്ങിയിരിക്കുന്ന കഫേൻ താല്‍ക്കാലികമായി നമുക്ക് ഉണര്‍വ് നല്‍കുന്നത് തന്നെയാണ്.
എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്ന്, മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിന് മുമ്പായി കാപ്പി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.
രാവിലെ നാം ഉണര്‍ന്നയുടൻ വയറ്റില്‍ മറ്റൊന്നുമില്ലാത്ത അവസ്ഥയില്‍ കാപ്പി കഴിക്കുമ്പോള്‍ അത് അസിഡിറ്റിക്ക് കാരണമാകുന്നു. ചിലര്‍ക്ക് ഈ അസിഡിറ്റി അനുഭവപ്പെടാം, മറ്റുള്ളവര്‍ക്ക് അത് അന്നനാളത്തിനെ അടക്കം ബാധിക്കുന്നത് അറിയാൻ സാധിക്കണമെന്നില്ല. അസിഡിറ്റിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഈ ശീലം നെഞ്ചെരിച്ചിലിനും കാരണമാക്കും.
വെറും വയറ്റില്‍ കാപ്പി കഴിക്കുമ്പോള്‍ അത് വയറ്റിനകത്ത് കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതോടെ ആമാശയത്തിലെ പിഎച്ച് നിലയില്‍ വ്യത്യാസവും വരുന്നു. ഇതോടെയാണ് അസിഡിറ്റിയുണ്ടാകുന്നത്.
കാപ്പി പാലില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അത്ര അസിഡിറ്റി വരില്ല. അതുപോലെ എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷമാണ് കാപ്പി കഴിക്കുന്നതെങ്കിലും ഈ പ്രശ്നം ഒഴിവാക്കാം. കഴിയുന്നതും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരമെങ്കിലും പിന്നിട്ട ശേഷം മാത്രം ചായയോ കാപ്പിയോ കഴിക്കുക. ഇതിനിടെ ലഘുവായി എന്തെങ്കിലും ഭക്ഷണം കൂടി കഴിച്ചു എങ്കില്‍ അത്രയും നല്ലത്.
രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകാം. ക്രമേണ ഈ ഹോര്‍മോണ്‍ വ്യതിയാനം നമ്മുടെ ഭാഗവും ആയി മാറാം.
അതുപോലെ തന്നെ രാവിലെ മലവിസര്‍ജ്ജനത്തിനായി ചിലര്‍ കാപ്പിയെ ആശ്രയിക്കാറുണ്ട്. വയറ്റില്‍ മറ്റൊന്നുമില്ലാതിരിക്കെ കാപ്പി കഴിക്കുമ്പോള്‍ മിക്കവര്‍ക്കും പെട്ടെന്ന് ബാത്‍റൂമില്‍ പോകാനുള്ള പ്രവണത വരും. ഇത് പതിവാകുമ്പോള്‍ സ്വാഭാവികമായും കാപ്പിയില്ലാതെ മലവിസര്‍ജ്ജനം നടക്കില്ല എന്ന അവസ്ഥയുണ്ടാകാം. ഇത്തരം അഡിക്ഷനുകളും അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ഇങ്ങനെയുള്ള ദോഷവശങ്ങളെല്ലാം രാവിലെ വെറും വയറ്റില്‍ കടും കാപ്പി കഴിക്കുന്നത് കൊണ്ട് ഉണ്ടാകാം. മറ്റ് വലിയ സങ്കീര്‍ണതകളൊന്നുമില്ല. അതേസമയം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണെങ്കില്‍ രാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം, കഴിയുമെങ്കില്‍ അതില്‍ അല്‍പം ചെറുനാരങ്ങാനീരും തേനും കൂടി ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ശേഷം ഭക്ഷണം വല്ലതും കഴിച്ചുകഴിഞ്ഞ് സാവധാനം ചായയിലേക്കും കാപ്പിയിലേക്കും കടക്കാം.