മനുഷ്യന്റെ ജീവൻ നില നിർത്താൻ ഒഴിച്ചു കൂടാത്ത ഒന്നാണ് വെള്ളം. വെള്ളമില്ലാതെ ജീവജാലങ്ങൾക്കൊന്നും നിലനിൽപ് സാധ്യമല്ല. വെള്ളത്തിന്റെ വിലയെ കുറിച്ചാണ് എങ്കിലോ? ലഭ്യതയനുസരിച്ചും ലഭിക്കുന്ന സ്ഥലം അനുസരിച്ചും ഒക്കെ അതിൽ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. എന്നാലും, ലക്ഷങ്ങൾ വില വരുന്ന ഒരു കുപ്പി വെള്ളമുണ്ടോ എന്ന് ചോദിച്ചാൽ ഹേയ് അതിന് സാധ്യത ഇല്ല എന്നാവും നമ്മുടെ മറുപടി. എന്നാൽ, അങ്ങനെയും വെള്ളമുണ്ട്. കേട്ടിട്ട് ഞെട്ടരുത്, ഈ ഒരു കുപ്പി വെള്ളത്തിന് വില 45 ലക്ഷമാണ്.
അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി എന്നാണ് ഈ വില കൂടിയ കുപ്പിവെള്ളത്തിന്റെ പേര്. 2020 -ൽ ലോകത്തിലെ ഏറ്റവും വില കൂടിയ കുപ്പിവെള്ളമായി ഇത് ഗിന്നസ് ലോക റെക്കോർഡിലും ഇടം നേടി. എന്നാലും 45 ലക്ഷം വില വരാൻ ഇതെന്താ വല്ല പൊന്നുകൊണ്ടുമാണോ ഉണ്ടാക്കിയത് എന്ന് സംശയം തോന്നുന്നുണ്ടോ? എന്നാൽ സംശയം നേരാണ്. 24 കാരറ്റ് ഗോൾഡ് അടങ്ങിയതാണത്രെ ഈ വെള്ളം. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയധികം പണം വരുന്നതും. ലോകത്തിലെ കോടീശ്വരന്മാരാണ് ഈ വെള്ളം കുടിക്കുന്നത്. അല്ലെങ്കിലും സാധാരണക്കാർ എങ്ങനെ ഇത്രയധികം വില വരുന്ന വെള്ളം കുടിക്കും അല്ലേ? ലോകത്തിലെ ഏറ്റവും വിലയേറിയ ഈ വെള്ളത്തിൽ 5 ഗ്രാം 24 കാരറ്റ് സ്വർണ്ണമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ, അക്വാ ഡി ക്രിസ്റ്റല്ലോയുടെ ഓരോ കുപ്പിയിലെയും വെള്ളം ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണത്രെ വരുന്നത്. ഫ്രാൻസ്, ഫിജി, ഐസ്ലാൻഡ് എന്നിവിടങ്ങളിലെ വിവിധ നീരുറവകളിൽ നിന്നാണ് ഈ വെള്ളം ശേഖരിക്കുന്നത്. അതുപോലെ സാധാരണ വെള്ളം കുടിക്കുന്നതിനേക്കാൾ ഊർജ്ജം ഈ വെള്ളം കുടിക്കുമ്പോൾ കിട്ടും എന്നാണ് പറയുന്നത്.