ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങുന്ന ശീലം ചിലർക്കുണ്ട്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് ചിലർ കാണുന്നത്. ശരിക്കും ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണോ? ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് പോഷകാഹാര വിദഗ്ധയായ റുജുത ദിവേകർ അഭിപ്രായപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുന്നു. മാത്രമല്ല പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറിറ്റേറ്റഡ് ബവൽ സിൻഡ്രോം (ഐബിഎസ്), മലബന്ധം, മുഖക്കുരു, താരൻ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നും അവർ പറയുന്നു.
ഉച്ചയ്ക്ക് 30 മിനുട്ട് നേരം ഉറങ്ങണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പകൽ സമയത്ത് മിതമായ വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും റുജുത ദിവേകർ പറഞ്ഞു. ഉച്ചയുറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. സ്ട്രെസ് ലെവൽ കുറയ്ക്കാനും ഉച്ചയുറക്കം ഫലപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
നിങ്ങളുടെ ഹൃദയത്തിന് ഉച്ചയുറക്കം വളരെ അനിവാര്യമാണെന്നാണ് ബ്രിട്ടനിൽ നടന്ന പഠനം അവകാശപ്പെടുന്നു. രക്തസമ്മർദം കുറയ്ക്കാൻ ഉച്ചയുറക്കത്തിനു സാധിക്കുമത്രേ. മധ്യവയസ്കരായ നാനൂറോളം പേരെയാണ് ഗവേഷകർ പഠന വിധേയരാക്കിയത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു ഈ സംഘത്തിൽ.
താരതമ്യേന ഉയർന്ന രക്തസമ്മർദമുള്ളവരെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ഇവരുടെ ജീവിതരീതിയും പ്രമേഹവും രക്തസമ്മർദവും ശരീരഭാരവുമൊക്കെ കൃത്യമായി നിരീക്ഷണത്തിനു വിധേയമാക്കി. ഇവരുടെ പ്രായവും പുകവലിയും ഉപ്പ്, മദ്യം തുടങ്ങിയവയുടെ ഉപയോഗവും വ്യായാമവും എല്ലാം ഇതിൽ പരിഗണിച്ചിരുന്നു.