ഇടുക്കി: ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.എന്നാൽ, ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുടവ നൽകി വിവാഹം ചെയ്തുവെന്ന് വിശ്വസിപ്പിച്ച് 48 വയസ്സുള്ളയാൾ ബലാത്സംഗം ചെയ്ത സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്നും ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.
ശൈശവവിവാഹം നടന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിർദേശാനുസരണമാണ് ഇടുക്കി ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തിയത്. മൂന്നാർ ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടും ജില്ല പൊലീസ് മേധാവി സമർപ്പിച്ചിട്ടുണ്ട്. 2023 ജനുവരി 31ന് മൂന്നാർ പോലീസ്പോക്സോ നിയമപ്രകാരം കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. 16 വയസ്സുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.
പ്രതിയായ രാമൻ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.