ദില്ലി : ഇന്ത്യയിലെ വൻനഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉന്നത സൈനിക താവളങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടു. ലക്ഷ്യസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫുകൾ പാകിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തിൽ നിന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയിൽ നിന്നാണ് ഭീകരാക്രമണ പദ്ധതി അറിഞ്ഞത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മഹാരാഷ്ട്രൻ നഗരമായ പൂനെയെ കേന്ദ്രമാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീരുമാനിച്ചതെന്നും പറയുന്നു.