പ്രധാനമന്ത്രി നതാലിയ ഗാവ്രിലിറ്റയുടെ രാജിക്ക് ശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് റഷ്യന്‍ അയല്‍രാജ്യമായ മാള്‍ഡോവ. പാശ്ചാത്യ അനുകൂല പ്രസിഡന്റായ മായ സന്ദുവാണ് റഷ്യയുടെ അട്ടിമറി പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. മാള്‍ഡോവ തലസ്ഥാനമായ ചിസിനോവില്‍ ഈ മാസം 13ന് മായ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്രെംലിന്‍ മോള്‍ഡോവയ്ക്കെതിരെ അട്ടിമറി നടത്താന്‍ പോകുകയാണെന്ന യൂറോപ്യന്‍ കൗണ്‍സിലില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന സ്ഥിരീകരിച്ചത്.
മാള്‍ഡോവിലെ ജനാധിപത്യം തകര്‍ക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കാനും ജീവനക്കാരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടെന്നാണ് സന്ദുവിന്റെ ആരോപണം. റഷ്യ, മോണ്ടിനെഗ്രോ, ബെലാറസ്, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്ന് റഷ്യയുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകും. അതേസമയം അട്ടിമറി സാധ്യത സംബന്ധിച്ച സന്ദുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രെംലിന്‍ പ്രതികരിച്ചു. ഭൂമിശാസ്ത്രപരമായ ക്രെംലിന് കീഴടക്കാന്‍ എളുപ്പമുള്ളതാണ് മോള്‍ഡോവ. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പുടിന്റ ലക്ഷ്യം യുക്രൈന്‍ മാത്രമല്ലെന്ന് ഉറപ്പിക്കുന്നതാണ് മോള്‍ഡോവയുടെ ആശങ്ക.
യുക്രൈന്‍ യുദ്ധവും അതുമൂലമുണ്ടായ രൂക്ഷമായ വിലക്കയറ്റത്തിന്റെയും ഫലമായി മോള്‍ഡോവയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും രാജ്യത്തെ റഷ്യന്‍ അനുകൂല ശക്തികള്‍ സര്‍ക്കാരിനും ഭരണകൂടത്തിനുമെതിരെ പരസ്യ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായാണ് മോള്‍ഡോവയിലെ റഷ്യന്‍ അട്ടിമറിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരത്തില്‍ ട്രാന്‍സ്‌നിസ്ട്രിയന്‍ ടീമായ ഷെരീഫ് ടിറാസ്‌പോളിനെതിരായ മത്സരത്തില്‍ തങ്ങളുടെ ടീമായ എഫ്‌കെ പാര്‍ടിസാന്‍ ബെല്‍ഗ്രേഡിനെ പിന്തുണച്ചെത്തിയ സെര്‍ബിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്നലെ മോള്‍ഡോവ പ്രവേശനം നിഷേധിച്ചിരുന്നു. ക്രെംലിന്‍ അനുകൂലമല്ലെങ്കിലും മോള്‍ഡോവയിലും ട്രാന്‍സ്‌നിസ്ട്രിയയിലും കാര്യമായ റഷ്യന്‍ അനുകൂല വികാരമുണ്ട്.