തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തി. ഇതോടെ കേസിൽ തുടരന്വേഷണത്തിന് സാധ്യത വർധിച്ചു. തിരുവനന്തപുരത്തെ വീട്ടിനുള്ളിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഞെരിച്ച പാടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടതോടെ നിലവിൽ മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് മറ്റൊരു സംഘത്തിന് കൈമാറിയേക്കും.
ചലച്ചിത്ര സംവിധായികയായിരുന്നു നയന സൂര്യൻ. തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയായിരുന്നു ഇവർ. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.