ടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കുന്നു. ദ്വീപിന്റെ മൂന്നില്‍ രണ്ട് വരുന്ന പ്രദേശവും ചുരുങ്ങിയ കാലയളവിനുള്ളില്‍ മുങ്ങിപ്പോയി. ദ്വീപിന്റെ കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ 2030 ഓടെ ചതുപ്പുനിലങ്ങളാകുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായും ചതുപ്പുനിലമാകുന്നതോടെ ദ്വീപ് വാസയോഗ്യമല്ലാതാകും. ദ്വീപുകള്‍ വാസയോഗ്യമല്ലാതായാല്‍ നാനൂറോളം വരുന്ന ദ്വീപ് നിവാസികള്‍ക്ക് ഇല്ലാതാകുക സ്വന്തം വീട് കൂടിയാണ്. മത്സ്യബന്ധനമാണ് ദ്വീപ് നിവാസികളുടെ പ്രധാന തൊഴില്‍.
നാനൂറോളം പേരെ മാറ്റി പാര്‍പ്പിക്കുകയാണെങ്കില്‍ പോലും ഇവര്‍ക്ക് ഉപജീവനത്തിനായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്ന് മാത്രമല്ല ഇതിനായി കോടികള്‍ ചെലവാക്കേണ്ടിയും വരും. സമുദ്രനിരപ്പ് ഉയരുന്നത് പ്രതിരോധിക്കാനായി കടല്‍ഭിത്തികള്‍ കെട്ടാനും വീടുകള്‍ ഉയര്‍ത്തി നിര്‍മിക്കുവാനും ദ്വീപ് അധികൃതര്‍ പദ്ധതിയിട്ടിരുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ദ്വീപിനെ സംരക്ഷിക്കുവാന്‍ കഴിയുമെന്നാണ് വിര്‍ജീനിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറസ്ട്രിയുടെ നിഗമനം. ഉപ്പുരസമുള്ള കടലോരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഓക്ക് മരങ്ങള്‍ അടക്കമുള്ളവ സംഘടന തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ സംഘടനയുടെ നേതൃത്വത്തില്‍ 150 ഓളം മരങ്ങള്‍ ദ്വീപില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.