ഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹിൽ അഭയാർഥികളുടെ താൽക്കാലിക താമസകേന്ദ്രത്തിലും ഇസ്രായേൽ ബോംബിട്ടു. 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നുവെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.24 മണിക്കൂറിനിടെ 104 പേർ കൊല്ലപ്പെടുകയും 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനിടെ ജീവനക്കാരുടെ ക്ഷാമം കാരണം വടക്കൻ ഗസ്സയിലെ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന് അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇസ്രായേൽ സൈന്യം റെയ്ഡ് തുടരുകയാണ്. പലയിടത്തും ഫലസ്തീനികളുടെ ചെറുത്തുനിൽപ് ഏറ്റുമുട്ടലിലേക്ക് നയിക്കുന്നുണ്ട്. ശനിയാഴ്ച രണ്ട് കുട്ടികളും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ 22 പേരെ വെസ്റ്റ് ബാങ്കിൽ അറസ്റ്റ് ചെയ്തു. ഒക്ടോബർ ഏഴിന് ശേഷം 7210 പേരെ വെസ്റ്റ് ബാങ്കിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവർ 29,606 ആയി. 69,737 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇക്കാലയളവിൽ 406 പേർ കൊല്ലപ്പെടുകയും 4600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.