ഗസ്സ: ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിലെ വീട്ടിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുടുംബത്തിലെ 31 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഹസൻ കുടുംബത്തിനുനേരെയായിരുന്നു ഇസ്രായേൽ സൈനിക ക്രൂരത.24 മണിക്കൂറിനിടെ 64 ഫലസ്തീനികളെ കൂടി ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തി. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,456 ആയി. 79,476 പേർക്ക് പരിക്കേറ്റു.
വടക്കൻ ഗസ്സയിലെ ജബാലിയയിൽ ഫലസ്തീനികളുടെ 300 വീടുകൾ ഇസ്രായേൽ സൈന്യം തകർത്തു. ഈ മാസം തുടക്കം മുതലാണ് ജബാലിയയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയത്. ജബാലിയയിലെ അൽ ഔദ ആശുപത്രിക്ക് നേരെയും ഷെല്ലാക്രമണം നടത്തി. സൈന്യത്തിന്റെ ഭീഷണിയും തടസ്സം നിൽക്കലും കാരണം കമാൽ അദ്‍വാൻ ആശുപത്രിയിലും സേവനം നൽകാൻ കഴിയുന്നില്ല.
അതിനിടെ ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വന്ന 3000 ട്രക്കുകളെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇസ്രായേൽ തടഞ്ഞതായി ഗസ്സയിലെ സർക്കാർ മീഡിയ ഹൗസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ് വിദേശ ചികിത്സക്കായി കൊണ്ടുപോകുന്ന 690 പേരെയും സൈന്യം റഫ, കരീം അബുസാലിം അതിർത്തികളിൽ തടഞ്ഞു. ഗസ്സയിൽ പട്ടിണി മരണങ്ങൾ ഒഴിവാക്കണമെങ്കിൽ ഭക്ഷണ വിതരണത്തിന് സുരക്ഷിതവും സുസ്ഥിരവുമായ വഴി ഉറപ്പുവരുത്തണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിൽ വ്യാപക റെയ്ഡ്
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽനിന്ന് 18 ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീനിയൻ പ്രിസണേഴ്സ് സൊസൈറ്റി അറിയിച്ചു. ഇതിൽ കുട്ടികളും നേരത്തെ തടവ് അനുഭവിച്ച് മോചിപ്പിക്കപ്പെട്ടവരും ഉൾപ്പെടും. നബ് ലുസ്, റാമല്ല, തുൽകരീം, ബെത്‍ലഹേം, കിഴക്കൻ ജറുസലം തുടങ്ങിയ ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ സൈന്യം റെയ്ഡ് നടത്തി. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽനിന്ന് 8775 ഫലസ്തീനികളെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 500ലേറെ പേരെ വധിക്കുകയും ചെയ്തു.