അബുദാബി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യം വഷളാകുന്നതും നിരവധി സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിലുമുള്ള ആശങ്ക ഇരു നേതാക്കളും പങ്കുവെച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സംസാരിച്ചു. ഗാസയിലെ സാധാരണക്കാരായ പൗരന്മാരുടെ ജീവിതം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനും അവരുടെ ജീവന് സംരക്ഷണം നല്‍കാനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് യുഎഇ പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
യുഎഇ പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ വിവരം മോദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ആശങ്കകൾ പങ്കിട്ടെന്നും സുരക്ഷയും മാനുഷിക സാഹചര്യവും ഉറപ്പാക്കുന്നതിനും അതിവേഗ പരിഹാരത്തിന് ശ്രമിക്കുന്നതിന് ധാരണയായതായും മോദി കുറിച്ചു. അതേസമയം ഗാസ യുദ്ധം അവസാനിപ്പിച്ച് മാനുഷിക സഹായം എത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന് ഇടപെടല്‍ തുടരുകയാണ് യുഎഇ.