ജറുസലം ∙ ഇസ്രയേലിലെ ബെന്യമിൻ നെതന്യാഹു സർക്കാരിലെ തീവ്രദേശീയവാദി കക്ഷിനേതാവായ സുരക്ഷാവകുപ്പു മന്ത്രി ഇതാമർ ബെൻ വിർ അൽ അഖ്‌സ പള്ളിവളപ്പിൽ പ്രവേശിച്ചതു വിവാദമായി. മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ അഖ്സയിലെ മന്ത്രിയുടെ 15 മിനിറ്റ് നീണ്ട സന്ദർശനം പ്രകോപനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നു പലസ്തീൻ നേതാക്കൾ ആരോപിച്ചു.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ ബത്‌ലഹം നഗരത്തിലുണ്ടായ സംഘർഷത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു പതിനഞ്ചുകാരനായ പലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. മന്ത്രിയുടെ സന്ദർശനത്തെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ അപലപിച്ചു.
മുസ്‌ലിംകൾക്കും ജൂതർക്കും ഒരുപോലെ പുണ്യസ്ഥലമായ ഓൾഡ് സിറ്റിയിലാണ് അൽ അഖ്സ സ്ഥിതി ചെയ്യുന്നത്. വിശുദ്ധപ്രദേശത്തു ജൂതർക്കു കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ അവകാശം വേണമെന്ന നിലപാടുകാരനാണു ഇതാമർ ബെൻ ഗിർ. പള്ളിയുമായി ബന്ധപ്പെട്ടു പലസ്തീൻകാരും ഇസ്രയേൽ സുരക്ഷാസേനയുമായി ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുള്ളതാണ്. കഴിഞ്ഞ വർഷം ഏപ്രിലിലുണ്ടായ സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു.
ബെൻ വീറിന്റെ റിലിജസ് സയനിസം അടക്കം തീവ്രദേശീയവാദ, മതവാദ പാർട്ടികളാണ് നെത്യനാഹുവിന്റെ സഖ്യസർക്കാരിലുള്ളത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി കഴിഞ്ഞാൽ കൂടുതൽ അംഗങ്ങൾ ബെൻ വീറിന്റെ പാർട്ടിക്കാണ്.